×

ആവേശമായി കേരള കോണ്‍ഗ്രസ്(എം)ന്റെ മഹാസമ്മേളനം; കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദ ശക്തിയായി മാറുമെന്ന് ജോസ് കെ മാണി

ചരല്‍ക്കുന്ന് തീരുമാനത്തില്‍ മാറ്റം വരുത്തി ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുക, ജോസ് കെ മാണിയെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടു വരിക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടായിരുന്നു കെഎം മാണി മഹാസമ്മേളനത്തിന് കോപ്പു കൂട്ടിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മകന്‍ ജോസ് കെ മാണിയുടെ നിലനില്‍പ്പിന് തന്നെ ചരല്‍ക്കുന്ന് തീരുമാനം വെല്ലുവിളിയാകുമെന്ന തിരിച്ചറിവില്‍ നിന്നാണ് ഇടതു ബാന്ധവത്തിന് മാണി ശ്രമം നടത്തിയത്. എന്നാല്‍ ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കി എല്‍ഡിഎഫിനോട് അടുക്കുവാനുള്ള നീക്കത്തില്‍ പിജെ ജോസഫ് വിഭാഗം എതിര്‍പ്പുമായി രംഗത്ത് വന്നതോടെ കെഎം മാണി പ്രതിസന്ധിയിലായി. സമ്മേളനത്തില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുമെന്ന് പറയുന്ന മാണിക്ക് എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കുവാന്‍ കഴിഞ്ഞിട്ടില്ല. തങ്ങളുടെ അജണ്ടയുമായി യോജിക്കുന്ന ആരുമായും സഹകരിക്കുമെന്നാണ് മാണിയുടെ ഇപ്പോഴത്തെ നിലപാട്.

വിവിധ ജില്ലകളില്‍ നിന്നുള്ള 200 അംഗങ്ങളാണ് നാളത്തെ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക. ചര്‍ച്ചയില്‍ പിജെ ജോസഫ് വിഭാഗത്തിന്റെ നിലപാടുകളാവും നിര്‍ണായകം. മുന്നണിപ്രവേശന കാര്യത്തിലും നേതൃമാറ്റത്തിലും മാണി തീരുമാനം പ്രഖ്യാപിച്ചാല്‍ പിജെ ജോസഫും കൂട്ടരും കടുത്ത നിലപാടിലേക്ക് നീങ്ങിയേക്കും. മാണിയുടെ വിശ്വസ്തരില്‍ പലരും ഇക്കാര്യത്തില്‍ പിജെ ജോസഫിനോട് യോജിക്കുന്നവരുമാണ്.

മഹാസമ്മേളനം കഴിയുന്നതോടെ കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാനത്തെ സമ്മര്‍ദശക്തിയായി മാറുമെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി. വരുംദനങ്ങളില്‍ കേരളത്തിന്റെ രാഷ്ട്രീയഅജണ്ട തീരുമാനിക്കുക കേരളാ കോണ്‍ഗ്രസ് ആയിരിക്കുമെന്നും ജനകീയ വിഷയങ്ങളില്‍ ശരിയായ നിലപാട് എടുക്കുന്നവര്‍ക്കൊപ്പം പാര്‍ട്ടി നില്‍ക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുത്ത് അതിന് പരിഹാരം കാണുന്ന മുന്നണിയുമായി ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. മുന്നണി ഏതെന്നതല്ല, നിലപാടാണ് പ്രശ്നം. കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയവയുമായി സഹകരിക്കുന്ന പാര്‍ട്ടികളുമായും മുന്നണിയുമായും കേരളാ കോണ്‍ഗ്രസ് സഹകരിച്ച്‌ പ്രവര്‍ത്തിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top