പണി തടസപ്പെടുത്തി പാര്‍ട്ടിക്കാര്‍ കൊടികുത്തി; പ്രവാസി തൂങ്ങിമരിച്ചു
കുന്നിക്കോട്: സ്വന്തം ഭൂമിയില്‍ വര്‍ക്ക് ഷോപ്പ് നിര്‍മ്മിക്കാന്‍ സമ്മതിക്കാതെ പാര്‍ട്ടിക്കാര്‍ കൊടികുത്തിയതില്‍ മനംനൊന്ത് സ്ഥലമുടമ കട ഷെഡ്ഡില്‍ തൂങ്ങി മരിച്ചു. കൊല്ലം പുനലൂര്‍ ഇളമ്ബല്‍ പൈനാപ്പിള്‍ ജംങ്ഷനില്‍ സുഗതനാണ് പകുതി പണി തീര്‍ന്ന വര്‍ക്ക് ഷോപ്പ് ഷെഡ്ഡില്‍, ഇന്നലെ രാത്രി തൂങ്ങി മരിച്ചത്.
സിപിഐയുടെ യുവജനസംഘടന എഐവൈഎഫ് പണി തടസ്സപ്പെടുത്തി കൊടി കുത്തിയതില്‍ മനംനൊന്താണ് പിതാവ് ആത്മഹത്യ ചെയ്തതെന്ന് സുഗതന്റെ മകന്‍ മൊഴി നല്‍കിയതായി കുന്നിക്കോട് പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിച്ചിരുന്ന സുഗതന്‍, നാട്ടില്‍ തിരിച്ചെത്തി മകനുമായി ചേര്‍ന്ന് വര്‍ക്ക് ഷോപ്പ് നടത്താനാണ് ഷെഡ്ഡ് നിര്‍മ്മിച്ചത്.
വയല്‍ നികത്തിയ ഭൂമിയിലാണ് ഷെഡ്ഡ് നിര്‍മ്മിക്കുന്നത് എന്നാരോപിച്ചാണ് എഐവൈഎഫ് കൊടികുത്തി പണി തടസ്സപ്പെടുത്തിയത് എന്ന് പൊലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് ആരേയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
വയല്‍ നികത്തിയപ്പോഴും ഷെഡ്ഡിന്റെ പണി തുടങ്ങിയപ്പോഴും മിണ്ടാതിരുന്ന എഐവൈഎഫ്, ഷെഡ്ഡിന്റെ അവസാനവട്ട പണികള്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ സമരവുമായി രംഗത്ത് വരികയാണ് ഉണ്ടായതെന്ന് ആരോപണം ഉയരുന്നുണ്ട്.
ഈ ഭൂമിയുടെ തൊട്ടടുത്ത് ഏക്കര്‍ കണക്കിന് വയല്‍ നികത്തി ആഡിറ്റോറിയം പണിതപ്പോള്‍ ഇതേ സംഘടന കണ്ണടച്ചുവെന്നും വര്‍ഷങ്ങളായി പ്രവാസജീവിതം നയിച്ച് നാട്ടിലെത്തി സ്വസ്ഥ ജീവിതം നയിക്കാന്‍ വര്‍ക്ക് ഷോപ്പ് നിര്‍മ്മിച്ചയാളെ ശല്യപ്പെടുത്തി ജീവനെടുത്തുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്