മലമാനിനെ വേട്ടയാടി ഇറച്ചി കടത്തവെ നാലുപേർ അറസ്റ്റിൽ
ഇരിട്ടി: മലമാനിനെ വെടിവച്ചു കൊന്ന് ഇറച്ചി കടത്തുകയായിരുന്ന നായാട്ട് സംഘത്തിലെ നാലുപേർ അറസ്റ്റിൽ. എടപ്പുഴ സ്വദേശികളായ ജോസഫ് മാത്യു എന്ന കുട്ടിച്ചൻ (53), ഷിജു ജോർജ് (38), വിനോദ് ആന്റണി (35), കീഴ്പള്ളി പുതിയങ്ങാടി സ്വദേശി കെ.ജി. ഷൈജു (33) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. പുതിയങ്ങാടി സ്വദേശി മുജീബാണ് ഓടി രക്ഷപ്പെട്ടത്. ഇയാൾക്കുവേണ്ടി തെരച്ചിൽ നടത്തിവരികയാണ്. കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. വിനുവിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ഇറച്ചിയും നാടൻതോക്കുമായി നായാട്ട് സംഘത്തെ പിടികൂടിയത്. ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച പുലർച്ചെ പരിപ്പുതോട് വിയറ്റ്നാം മേഖലയിൽ നടത്തിയ പരിശോധനയിലാണ് നായാട്ടുസംഘത്തെ പിടികൂടിയത്. മലമാനെ വെടിവച്ചു കൊന്നശേഷം കഷണങ്ങളാക്കി കടത്താൻ ശ്രമിച്ച ഒരു ക്വിന്റലോളം വരുന്ന ഇറച്ചിയാണ് ഇവരിൽനിന്നും കണ്ടെടുത്തത്. കഴിഞ്ഞയാഴ്ച ആറളം ഫാമിൽനിന്നും മലമാനിന്റെ ഇറച്ചി എടുത്തശേഷമുള്ള അവശിഷ്ടങ്ങൾ ഉപേക്ഷിച്ചനിലയിൽ ഇവിടുത്തെ തൊഴിലാളികൾ കണ്ടെത്തുകയും ഇക്കാര്യം വനപാലകരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുമുന്‍പും കാട്ടുമൃഗങ്ങളുടെ അവശിഷ്ടങ്ങൾ ഈ മേഖലയിൽ കണ്ടെത്തിയിരുന്നെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചിരുന്നില്ല.
മേഖലയിൽ നായാട്ട് വ്യാപകമാണെന്ന കണ്ടെത്തലിനെത്തുടർന്ന് വനമേഖലകളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജൻ, ബീറ്റ് ഓഫീസർമാരായ ഹരീന്ദ്രൻ, ജിതിൻ, വാച്ചർ അശോകൻ, ഡിആർഎഫ്ഒ ആനന്ദൻ തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്