കേരള വർമ പഴശി രാജയുടെ പിൻതലമുറക്കാർ താമസിച്ചിരുന്ന പഴശി കോവിലകം സർക്കാർ ഏറ്റെടുക്കും
മട്ടന്നൂർ: കേരള വർമ പഴശി രാജയുടെ പിൻതലമുറക്കാർ താമസിച്ചിരുന്ന പഴശി പടിഞ്ഞാറെ കോവിലകം സർക്കാർ ഏറ്റെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. കോവിലകവും അനുബന്ധ സ്ഥലവും അന്യാധീനപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും മട്ടന്നൂർ നഗരസഭ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചുചേർത്തത്. കോവിലകത്തിനോടുചേർന്നുള്ള ശിവ, വിഷ്ണു ക്ഷേത്രങ്ങൾ ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സണ്‍ ദേവസ്വം മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
യോഗത്തിൽ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ, മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ അനിത വേണു, വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, നഗരസഭ മുൻ ചെയർമാൻ കെ. ഭാസ്കരൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം. റോജ, ഷാഹിന സത്യൻ, കൗണ്‍സിലർ വി.കെ. സുഗതൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, പഴശി രാജകുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. കോവിലകത്തിന്റെ റിപ്പോർട്ട് തയാറാക്കി റവന്യൂവകുപ്പ് മുന്‍പ് സർക്കാരിന് സമർപ്പിച്ചിരുന്നു.
കോവിലകം പൊളിച്ചുവിൽക്കാൻ ഉടമകൾ തീരുമാനിച്ചതോടെ മാസങ്ങൾക്കു മുന്‍പേ കോവിലകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മട്ടന്നൂർ നഗരസഭയും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ചരിത്രസ്മാരകമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കമ്മിറ്റി രൂപീകരിക്കുകയും സർക്കാരിൽ നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് വിശദമായ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ ഇരിട്ടി തഹസിൽദാരോട് സർക്കാർ നിർദേശിച്ചത്. സ്ഥലത്തിന്റെയും കോവിലകത്തിന്റെയും വില ഉൾപ്പെടെ കണക്കാക്കിയുള്ള റിപ്പോർട്ട് തയാറാക്കിയാണ് ജില്ലാ കളക്ടർ മുഖേന സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്. കോവിലകം ഏറ്റെടുക്കാൻ നാലു കോടിയോളം രൂപ വേണ്ടിവരുമെന്നാണ് റിപ്പോർട്ടിലുള്ളതെന്നാണ് വിവരം. പഴശി രാജയുടെ പിൻതലമുറക്കാർക്ക് താമസിക്കുന്നതിനാണ് 100 വർഷം മുന്‍പ് പഴശിയിൽ ഇരുനില കോവിലകം പണിതത്. നാലേക്കർ സ്ഥലത്താണ് കോവിലകം സ്ഥിതിചെയ്യുന്നത്. കോവിലകവും സ്ഥലവും വില്പന നടത്തുന്നതിന്റെ മുന്നോടിയായി കോവിലകത്തെ വീട്ടുപകരണങ്ങളും മറ്റും നേരത്തെ വില്പന നടത്തിയിരുന്നു.
പഴശിയുടെ രക്തസാക്ഷിത്വത്തോടെ നശിപ്പിക്കപ്പെട്ട പഴശി കോവിലകത്തുനിന്ന് ശേഷക്കാർ അഭയം പ്രാപിച്ച പഴശി ശിവ-വിഷ്ണു ക്ഷേത്രത്തിന് സമീപത്തായിട്ടാണ് പഴശി കോവിലകം നിർമിച്ചിരുന്നത്. ഇംഗ്ലീഷുകാർ അനുവദിച്ച ധനത്തിൽനിന്ന് തെക്ക്, കിഴക്ക് കോവിലകക്കാർ നൽകിയ വിഹിതമുപയോഗിച്ചാണ് വിലപിടിപ്പുള്ള മരങ്ങൾകൊണ്ട് കോവിലകം പണിതത്.
കോവിലകത്തിന്റെ അവകാശികളായ കേരള വർമ രാജ, രവി വർമ രാജ, പരേതനായ ഭീര വർമ രാജയുടെ ഭാര്യ സിന്ധു വർമ എന്നിവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസമായതിനാൽ കോവിലകം അടച്ചിട്ടിരിക്കുകയായിരുന്നു. കോവിലകം സർക്കാർ ഏറ്റെടുത്ത് ചരിത്രസ്മാരകമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി, മന്ത്രിമാരായിരുന്ന കെ.സി. ജോസഫ്, കെ.പി.മോഹനൻ എന്നിവരും എംഎൽഎമാരെയും ജനപ്രതിനിധികളെയും നാട്ടുകാരെയും പങ്കെടുപ്പിച്ച് യോഗം ചേർന്നിരുന്നു. കോവിലകം ഏറ്റെടുത്ത് ചരിത്രസ്മാരകമാക്കുമെന്ന് ചടങ്ങിൽ മന്ത്രിമാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപ്പാകുന്നത് ഇപ്പോഴാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്