ഹൈറേഞ്ച് സംരക്ഷണ സമിതി സമരത്തിനെതിരെ കോണ്‍ഗ്രസ് ; സമര പ്രഖ്യാപനം തട്ടിപ്പ്: ഡീൻ
തൊടുപുഴ: ഇടതുമുന്നണിയിലെ ഘടകകക്ഷിയെപ്പോലെ വോട്ടുപിടിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സമര പ്രഖ്യാപനം വെറും തട്ടിപ്പാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പത്രസമ്മേളനത്തിൽ പറഞ്ഞു. മാർച്ച് 27ലെ കുറിഞ്ഞി സാങ്ച്വറി അതിർത്തി പുനർനിർണയ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം എംപിയുടെ തട്ടിപ്പ് ഭൂമി സംരക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
ജോയിസ് ജോർജിനേയും, എം.എം.മണിയെയും വിജയിപ്പിച്ചാൽ ഇടുക്കി ജില്ലയിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും എന്ന് പറഞ്ഞാണ് സമിതി വോട്ട് പിടിച്ചത്. എന്നാൽ ഇവർ രണ്ട് പേർക്കും ജില്ലയ്ക്ക് വേണ്ടി യാതൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ഉണ്ടായിരുന്നത് നഷ്ടപ്പെടുത്തുകയും ചെയ്തു. പത്ത് ചെയിൻ മേഖലയിൽ ജണ്ടയൊഴിച്ച് ബാക്കിയിടങ്ങളിൽ പട്ടയം നൽകാമെന്ന് യു.ഡി.എഫിന്റെ കാലത്ത് തീരുമാനിച്ചിരുന്നു.
എന്നാൽ മണി മന്ത്രിയായപ്പോൾ അത് മൂന്ന് ചെയിൻ കഴിഞ്ഞ് പട്ടയം നൽകിയാൽ മതിയെന്ന് നിജപ്പെടുത്തി പട്ടയ വിതരണം സങ്കീർണമാക്കി. ജില്ലയിലെ മെഡിക്കൽ കോളേജും റെയിൽവേ കൗണ്ടറുകളും അടച്ചു പൂട്ടിയപ്പോൾ എം.പി ഒളിച്ചിരിക്കുകയായിരുന്നു. സമിതി നടത്തുന്ന സമരത്തിൽ മന്ത്രിയും എം.പിയും പങ്കെടുക്കുമോയെന്നും ഡീൻ ചോദിച്ചു.
സമരം സിപിഎം സ്പോണ്സേർഡ്്: ഡിസിസി
തൊടുപുഴ: ഒന്നര വർഷത്തോളമായി ജില്ലയിലെ കർഷകപ്രശ്നങ്ങൾ പരിഹരിക്കാത്ത എൽഡിഎഫ് സർക്കാരിനെതിരെ ഹൈറേഞ്ച് സംരക്ഷണസമിതി പ്രഖ്യാപിച്ച സമരം സിപിഐ.യെ ഒറ്റപ്പെടുത്താനുള്ള സിപിഎം. സ്പോണ്‍സേർഡ് സമരമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. പട്ടയം നൽകാത്തതിന്റെ പൂർണ ഉത്തവാദിത്വം സിപിഐയുടെ തലയിൽ വച്ചു കെട്ടുന്ന സമിതി പത്തുചെയിൻ മേഖലയിൽ പട്ടയം നൽകാത്തതിന്റെ ഏക ഉത്തരവാദിയായ വൈദ്യുതി മന്ത്രിയ്ക്കെതിരെ ഒന്നും പറയാത്തത് വിചിത്രമാണ്. ഉപാധിരഹിത പട്ടയം നൽകുക, കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് ജില്ലയിലുടനീളം ഒരു ലക്ഷം ഒപ്പുകൾ ശേഖരിക്കും. 28ന് എല്ലാ ബ്ലോക്കുകളിലും ഒപ്പുശേഖരണത്തിന് തുടക്കം കുറിക്കും. ജില്ലയിലെ കർഷക വിഷയങ്ങൾ പരിഹരിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച എം.പി. തൽസ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പു പറയണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
സമരം ജനവഞ്ചന: സേനാപതി വേണു
രാജാക്കാട്: കേരളപിറവി ദിനമായ നവംബർ ഒന്നിന് ഹൈറേഞ്ച് സംരക്ഷണ സമിതി ഇടുക്കി കളക്ടറേറ്റ് പടിക്കൽ നടത്തുന്ന ഉപരോധസമരം ജനവഞ്ചനയുടെ മറ്റൊരു മുഖമെന്ന് ഡിസിസി ജനറൽ സെക്രട്ടറി സേനാപതി വേണു പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഇടുക്കിയിലെ പട്ടയപ്രശ്നങ്ങൾക്കും കസ്തൂരിരംഗൻ റിപ്പോർട്ടിലെ ജനവിരുദ്ധ വിഷയങ്ങൾക്കും പരിഹാരം കാണുമെന്ന വാഗ്ദാനവുമായി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സഹായത്തോടെ അധികാരത്തിലെത്തിയ ഇടതുസർക്കാർ ഒന്നരവർഷമായിട്ടും പ്രശ്നങ്ങൾ ഒന്നും പരിഹരിച്ചില്ല. മുൻ സർക്കാരിന്റെ കാലത്ത് നിരന്തരമായി പട്ടയസമരം നടത്തി മലയോര കർഷകരെ വഞ്ചിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി ഇപ്പോഴും പ്രശ്ന പരിഹാരത്തിനായി കളക്ടറേറ്റ് ഉപരോധമടക്കമുള്ള സമരങ്ങൾ നടത്തി മലയോര ജനതയെ വീണ്ടും വഞ്ചിക്കുകയാണ്.
വനംവകുപ്പ് തടസപ്പെടുത്തിയ ദേശീയപാത നിർമാണം തുടങ്ങാനുള്ള കാര്യക്ഷമമായ നടപടി മന്ത്രിയുടെയോ എംപിയുടെയോ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. നേര്യമംഗലത്തിനടുത്തുളള ആവറുകുടിയിലെ കലുങ്കിന്റെ വീതി കൂട്ടിയത് വനം വകുപ്പുദ്യോഗസ്ഥർ പൊളിച്ചുകളഞ്ഞപ്പോൾ അതു സന്ദർശിക്കാനെത്തിയ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ വഴിയിൽ തടഞ്ഞ ജോയ്സ് ജോർജ് എംപി ഇപ്പോൾ ദേശീയപാത വിഷയത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതികരിക്കാത്തതിനെകുറിച്ചു വിശദീകരിക്കണമെന്നും സേനാപതി വേണു ആവശ്യപ്പെട്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്