ഗാന്ധിജി സ്റ്റഡി സെന്ററിന്റെ കര്‍ഷക അവാര്‍ഡുവിതരണം 15 ന്
തൊടുപുഴ : സംസ്ഥാനത്തെ മികച്ച ജൈവ കര്‍ഷക കുടുംബത്തിനുള്ള ഗാന്ധിജി സ്റ്റഡി സെന്ററിന്റെ 2018 – ലെ കര്‍ഷക തിലക് അവാര്‍ഡ് കാസര്‍ഗോഡ് രാജപുരം പൈനിക്കര കുടുന്തനാംകുഴിയില്‍ കെ.എം.ജോര്‍ജ് – മേരി ദമ്പതികളും ആലപ്പുഴ ചേര്‍ത്തല പാണാവള്ളി മൂണ്‍വില്ല വി.എസ്. മൂസ – മൈമൂന ബീവി ദമ്പതികളും പങ്കിട്ടതായി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ. പത്ര സമ്മേളനത്തില്‍ അറിയിച്ചു.
രണ്ടു ലക്ഷം രൂപയും പ്രശസ്‌തി പത്രവുമാണ് ജേതാക്കള്‍ പങ്കിടുന്നത്. കര്‍ഷക് തിലക് ജനുവരി 13 മുതല്‍ 15 വരെ തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ നടക്കും. 13 – ന് രാവിലെ 10.30 – ന് വൈദ്യുതി മന്ത്രി എം.എം. മണി ഉദ്‌ഘാടനം ചെയ്യും. 15 – ന് വൈകിട്ട് ആറിന് കര്‍ഷക തിലക് പുരസ്‌കാര വിതരണം കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും.
തെങ്ങ് കൃഷിയും കേരോല്‌പ്പന്നങ്ങളും, റബ്ബര്‍ – കാര്‍ഷിക മേഖലയുടെ പ്രതിസന്ധി, ജലസംരക്ഷണവും പുഴസംരക്ഷണവും, പഴവര്‍ഗ്ഗ കൃഷി – കേരളത്തിന്റെ സാദ്ധ്യതകള്‍, മത്സ്യ കൃഷി, പച്ചക്കറി കൃഷിയും ആരോഗ്യ പരിപാലനവും, കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉല്‌പന്നങ്ങള്‍ എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. 15 – ന് രാവിലെ 8.30-ന് കാലി പ്രദര്‍ശനം. എല്ലാദിവസവും വൈകിട്ട് കലാപരിപാടികള്‍ ഉണ്ടായിരിക്കും.
ജലം ലഭ്യമല്ലാത്ത രണ്ടര ഏക്കര്‍ കൃഷിയിടത്തേയ്‌ക്ക് ആവശ്യമുള്ള മുഴുവന്‍ ജലവും ആറു മഴവെള്ള സംഭരണ ടാങ്കുകള്‍ നിര്‍മ്മിച്ച് ജലം ശേഖരിച്ച് ഡ്രിപ് ഇറിഗേഷന്‍ സംവിധാനത്തിലൂടെ ജലസേചനം നടത്തിയാണ് രാജപുരം സ്വദേശി ജോര്‍ജ് കൃഷിയിടത്തില്‍ വിളവ് കൊയ്യുന്നത്. കുന്നിന്‍ ചെരിവായ കൃഷിയിടത്തില്‍ തെങ്ങ്,
റബ്ബര്‍, കുരുമുളക്, കൊക്കോ, കാപ്പി, ജാതി എന്നിവ പൂര്‍ണ്ണമായും ജൈവരീതിയില്‍ കൃഷി ചെയ്യുന്നു. 40000 ലിറ്റര്‍ മുതല്‍ 4 ലക്ഷം ലിറ്റര്‍ വരെ വലുപ്പമുള്ള കുളങ്ങളാണ് പുരയിടത്തിലുള്ളത്. ഒരു കുളം അലങ്കാര മത്സ്യങ്ങളെ ഉല്‍പാദിപ്പിക്കാനും ഒരു കുളം മറ്റിനം മീന്‍ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനും ഉപയോഗിക്കുന്നു. മഴവെള്ള സംഭരണ ടാങ്കുകളില്‍ നട്ടര്‍, കട്‌ല, രോഹു, തിലോപ്പിയ, ഗ്രാസ് കാര്‍പ്പ്, അലങ്കാര മത്സ്യങ്ങള്‍ തുടങ്ങി നാലായിരത്തിലധികം മത്സ്യങ്ങളെ വളര്‍ത്തുന്നുണ്ട്. മീന്‍ വളര്‍ത്തലില്‍ നിന്നു മാത്രമായി പ്രതി വര്‍ഷം രണ്ടര ലക്ഷം രൂപയുടെ വരുമാനമുണ്ട്. പശു വളര്‍ത്തലിനു പുറമേ ആട്, കോഴി, താറാവ്, മുയല്‍, കാട എന്നിവയും വളര്‍ത്തുന്നുണ്ട്. വന്‍തേനും ചെറുതേനും വിപുലമായി പുരയിടത്തില്‍ കൃഷി ചെയ്യുന്നുണ്ട്. തേന്‍ സംസ്‌കരിച്ച് സ്വന്തമായി വില്‌പന നടത്തുന്നു. കൃഷിക്കാവശ്യമായ മുഴുവന്‍ വളങ്ങളും ബയോഗ്യാസ് പ്ലാന്റ് വഴിയും മണ്ണിര കമ്പോസ്റ്റ് വഴിയും പുരയിടത്തില്‍ തന്നെ നിര്‍മ്മിക്കുന്നു. വിവിധയിനം വാഴകളും പച്ചക്കറി കൃഷിയും വ്യാപകമായി നടത്തുന്നുണ്ട്. കുരുമുളക് നഴ്‌സറിയും ഇതോടനുബന്ധിച്ചുണ്ട്. വിവിധയിനങ്ങളിലായി പ്രതിമാസം ഒരു ലക്ഷം രൂപയിലധികം മാസ വരുമാനം ജോര്‍ജ് – മേരി ദമ്പതികള്‍ നേടുന്നുണ്ട്. മാത്യു, ജയ, മിനി, ഗ്രേസി എന്നിവരാണ് മക്കള്‍.
തീര മണല്‍ പ്രദേശത്ത് കാര്‍ഷിക വൈവിദ്ധ്യവത്‌ക്കരണത്തിലൂടെ വരുമാനം ഉണ്ടാക്കുന്ന വി.എസ്. മൂസ, മൃഗസംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി കാട, കോഴി, താറാവ്, ആട് എന്നിവ വളര്‍ത്തുന്നതിനൊപ്പം മത്സ്യ കൃഷിയും വിപുലമായി ചെയ്യുന്നു. വിവിധയിനം പച്ചക്കറി തൈകളും ചെടികളും കര്‍ഷകര്‍ക്കാവശ്യമായ വിവിധയിനം ജൈവ വളങ്ങളും സ്വന്തമായി ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്നു. കമുക്, കുരുമുളക്, തെങ്ങ്, ജാതി എന്നിവയ്‌ക്കു പുറമേ കിഴങ്ങു വര്‍ഗ്ഗങ്ങളുടെ കൃഷിയുമുണ്ട്. സമ്മിശ്ര കൃഷിയാണ് ഇദ്ദേഹത്തിന്റേത്. പച്ചക്കറി തൈകളും വിവിധയിനം ചെടികളുടെ വില്‍പനയുമുണ്ട്. രണ്ട് പടുതാക്കുളങ്ങളില്‍ വിപുലമായ രീതിയില്‍ മത്സ്യ കൃഷിയുണ്ട്. മൃഗപരിപാലനത്തില്‍ ആധുനിക സാങ്കേതിക വിദ്യ സ്വയം വികസിപ്പിച്ചെടുത്ത് കൃഷിയില്‍ വരുമാനം ഉണ്ടാക്കുന്നു. പ്രതിമാസം എഴുപതിനായിരത്തില്‍ പരം രൂപയുടെ വരുമാനം മൂസ – മൈമൂന ബീവി ദമ്പതികള്‍ നേടുന്നു. മുജീബ്, മുബീന എന്നിവരാണ് മക്കള്‍.
ജൈവ കൃഷിയിലൂടെയും വൈവിദ്ധ്യ വത്‌ക്കരണത്തിലൂടെയും കുറഞ്ഞ സ്ഥലത്തുനിന്നും കൂടുതല്‍ വരുമാനം കൈവരിച്ച് മാതൃക സൃഷ്‌ടിക്കുന്ന കര്‍ഷക കുടുംബമാണ് ഇരുവരുടെയും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്