പെട്രോൾ വേണ്ടാ; ഡീസൽ വേണ്ട; ഇത് “സോളാർ കാർ” ചരിത്രം കുറിച്ച് നെല്ലിമറ്റം എം ബിറ്റ്സ് വിദ്യാർത്ഥികൾ.
കോതമംഗലം : വിശുദ്ധ മാർ തോമാ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി & സയൻസ് (എം ബിറ്റ്സ്) ലെ നാലാം വർഷ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ സോളാർ കാർ നിർമ്മിച്ചെടുത്ത് ഇലക്ട്രിക് വാഹനങ്ങളേക്കാൾ ഒരു പടികൂടേ മുന്നേ കടന്നിരിക്കുകയാണ്. ഒരു മാരുതി 800 കാറിന്റെ പെട്രോൾ എഞ്ചിൻ മാറ്റി പകരം ബി.എൽ.ഡി.സി മോട്ടോറും ബാറ്ററിയും ഘടിപ്പിച്ച് ഗിയർബോക്സ് നിലനിർത്തിക്കൊണ്ടാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ബാറ്ററി ചാർജ് ചെയ്യുന്നതിനായ് കാറിനു യോജിക്കുന്ന കൂടുതൽ പ്രയോഗക്ഷമമായ സോളാർ പാനൽ ആണ് കാറിനു മുകളിൽ സ്ഥാപിച്ചിരിക്കുന്നത്. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴും സോളാർ പാനൽ വഴി ബാറ്ററി ചാർജ്ജ് ചെയ്യപ്പെടും. വളരെ ചിലവ് കുറഞ്ഞ രീതിയിൽ സോളാർ വണ്ടികൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് വിജയം കണ്ടത്. വണ്ടികളുടെ ടോർക്ക് അനുസരിച്ചുള്ള ഒരു ‘ റിട്രോഫിറ്റ് കിറ്റ് ‘ വികസിപ്പിച്ചെടുക്കുക വഴി ഏത് വാഹനവും സോളാർ ആക്കാൻ കഴിയുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
അന്തരീക്ഷ, ശബ്ദ മലിനീകരണം ഇല്ലാതെ പ്രവർത്തിക്കുന്ന ഈ കാർ ചാർജ് ചെയ്യാൻ വെയിലത്ത് പാർക്ക് ചെയ്താൽ മാത്രം മതിയെന്നത് കൗതുകമേകുന്നു. ഒരു തവണ ബാറ്ററി ചാർജ് ആയാൽ 4 മണിക്കൂർ വരെ വണ്ടി നിർത്താതെ ഓടിക്കാൻ സാധിക്കും എന്നതും മണിക്കൂറിൽ എഴുപത് കിലോമീറ്റർ വേഗത വരെ കിട്ടുമെന്നതും ഇതിന്റെ സവിശേഷത ആണ്. വണ്ടിയുടെ ഭാരം കുറച്ചത് വഴി കൂടുതൽ കാര്യക്ഷമത കൈവരിക്കാൻ സാധിച്ചെന്നും വിദ്യാർത്ഥികൾ പറയുന്നു.
കോളേജിൽ നടന്ന ചടങ്ങിൽ കോതമംഗലം ജോയിന്റ് ആർ.ടി. ഒ , ശ്രീ. പി.എം. ഷബീർ സോളാർ കാർ പുറത്തിറക്കി. കോളേജ് സെക്രട്ടറി ശ്രീ. ബിനോയ് തോമസ് മണ്ണഞ്ചേരി , ചെയർമാൻ ശ്രീ. ബിനു കൈപ്പിള്ളി, ട്രഷറാർ ശ്രീ.എ വി എൽദോ, പ്രിൻസിപ്പാൾ ഡോ. പി. സോജൻ ലാൽ, ഇലക്ട്രിക്കൽ വിഭാഗം മേധാവി പ്രൊഫ എം.വി ഏലിയാസ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് , അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ. ബിജീഷ്, പ്രൊഫ. ലീന തോമസ്, അസിസ്റ്റൻറ് പ്രൊഫ. അരുൺ എൽദോ ഏലിയാസ് തുടങ്ങിയവർ സംബന്ധിച്ചു.
അസിസ്റ്റന്റ് പ്രൊഫസർ അരുൺ എൽദോ ഏലിയാസിന്റേയും ലാബ് അസിസ്റ്റന്റ് ബിനീഷ് ജോയിയുടേയും നേതൃത്വത്തിലാണ്
അന്നാ ജോയി, അപർണ ഫ്രാൻസിസ് , അപർണ ജോസ്, ജൂഡ്സൺ ഫോർട്ടൽ , ജിതിൻ ജോസഫ്, ജെബിൻ ജോസ്, ഗായത്രി പി.ആർ., ഹരിത സജീവ്, ഡോണ ഐസക്, കാർത്തിക് രമേശ് , മിന്നു അന്ന ജോസഫ് എന്നീ വിദ്യാർത്ഥികൾ “ഗോ ഗ്രീൻ ” എന്ന ആശയം മുൻ നിറുത്തി ഏകദേശം ഒരു ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ഈ പരീക്ഷണം പൂർത്തിയാക്കിയത്.
കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് ഇന്ത്യാ ഹാക്കത്തോൺ എന്ന രാജ്യാന്തര മത്സരത്തിൽ രണ്ടാം റൗണ്ട് സെലക്ഷന് ഇവർ അർഹരായിരുന്നു. ഫൈനലിൽ എത്തുമെന്നുള്ള പ്രതീക്ഷയിൽ ആണ് വിദ്യാർത്ഥികൾ. കൂടാതെ കാനഡ – ഇന്ത്യ ആക്സലറേഷൻ പ്രോഗ്രാം 2018, സ്റ്റുഡന്റ് സ്റ്റാർട്ടപ്പ് മെൻറർഷിപ് ഇന്ത്യ പ്രോഗ്രാം 2018 എന്നിവയിലും പരിഗണിക്കപ്പെട്ടിട്ടുണ്ട്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്