നഗരസഭയുടെ സുവർണ ജൂബിലി ആഘോഷച്ചടങ്ങിൽ മുൻ മേയർമാർക്ക് ആദരം
കൊച്ചി: കൊച്ചി കോർപറേഷന്റെ സുവർണജൂബിലി ആഘോഷത്തോടനുബന്ധിച്ചു മുൻ മേയർമാരെയും ഡപ്യൂട്ടി മേയർമാരെയും ആദരിക്കാൻ ചേർന്ന പ്രത്യേകയോഗം വിമർശനത്തിന്റെയും സ്വയംവിമർശനത്തിന്റേതുമായി. ചില നിർദേശങ്ങളും മുൻ മേയർമാരിൽനിന്നുണ്ടായി.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ സി.എം. ദിനേശ്മണി ഉൾപ്പെടെയുള്ള ഇടതുഭരണകാല മേയർമാർ ഒളിഞ്ഞും തെളിഞ്ഞും നിലവിലുള്ള കോൺഗ്രസ് മേയർ സൗമിനി ജെയിനെതിരേ ഒളിയന്പെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പുകഴ്ത്തിക്കൊണ്ടായിരുന്നു സൗമിനിക്കെതിരേയുള്ള ദിനേശ്മണിയുടെ പരോക്ഷവിമർശനം.
താൻ മേയർ ആയിരുന്ന കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ പിന്തുണയോടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചെന്നു ദിനേശ്മണി പറഞ്ഞു. മുഖ്യമന്ത്രി കൊച്ചിയിലെത്തിയ സമയങ്ങളിലൊക്കെ അദ്ദേഹത്തെ നേരിൽകണ്ടു കോർപറേഷന്റെ ആവശ്യങ്ങൾ ഉന്നയിക്കുമായിരുന്നു. എല്ലാ ആവശ്യങ്ങളോടും മുഖ്യമന്ത്രി അനുകൂലമായ നിലപാടാണു സ്വീകരിച്ചത്.
പുതിയ നഗരസഭാ മന്ദിരത്തിനായി സ്ഥലം ലഭ്യമാക്കുന്നതിനും പ്രാരംഭഘട്ട നിർമാണത്തിനുമൊക്കെ ഉമ്മൻചാണ്ടിയുടെ പൂർണപിന്തുണ ഉണ്ടായിരുന്നു. അക്കാലത്തു കൊച്ചിയുടെ എറ്റവും വലിയ തലവേദനയായിരുന്ന മാലിന്യപ്രശ്നം പരിഹരിക്കാൻ നഗരസഭ മുന്നോട്ടുവച്ച ബ്രഹ്മപുരം പ്രോജക്ട് സർക്കാരിന്റെ ഫാസ്റ്റ്ട്രാക്ക് പദ്ധതിയിൽപ്പെടുത്തി യാഥാർഥ്യമാക്കാൻ സഹായിച്ചതും ഉമ്മൻചാണ്ടിയും താനുമായുള്ള വ്യക്തിബന്ധത്തിന്റെ ഫലംകൂടിയായിരുന്നു.
ഈ മാതൃക മേയർമാർ പിന്തുടരണം. കോർപറേഷനും സംസ്ഥാന സർക്കാരും തമ്മിൽ സുദൃഢമായ ബന്ധമുണ്ടാകണം. സുവർണ ജൂബിലി ആഘോഷങ്ങളിൽ സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തം ഉറപ്പാക്കാതിരുന്നതിനെയും ദിനേശ്മണി വിമർശിച്ചു. നാടിന്റെ വികസനകാര്യത്തിൽ രാഷ്ട്രീയം മറന്നു പ്രവർത്തിക്കണമെന്നു പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
പുതിയ പദ്ധതികൾ ആരംഭിച്ചു കോർപറേഷന്റെ വരുമാനം വർധിപ്പിക്കണമെന്നു മുൻ മേയർ മാത്യു പൈലി നിർദേശിച്ചു. മറൈൻഡ്രൈവിലുള്ള കോർപറേഷൻ സ്ഥലത്തു പത്തുനില ഷോപ്പിംഗ് കോംപ്ലെക്സ് പണിതു വാടകയ്ക്കു നൽകണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളക്കെട്ടാണു നഗരം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്നു മുൻ മേയർ ടോണിചമ്മിണി പറഞ്ഞു. നഗരത്തിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോർപറേഷനിലെ ജീവനക്കാർ എല്ലാ വികസനപ്രവർത്തനങ്ങളിലും ഒപ്പം നിന്നുവെന്നു മുൻ മേയറും ഇപ്പോഴത്തെ കൗണ്‍സിൽ അംഗവുമായ കെ.എം. ഹംസക്കുഞ്ഞ് ചൂണ്ടിക്കാട്ടി. കോർപറേഷൻ ഹാളിൽ നടന്ന ചടങ്ങിൽ മുൻകാല മേയർമാരായ കെ. ബാലചന്ദ്രൻ, മുൻകാല ഡെപ്യൂട്ടി മേയർമാരായ സി.കെ. ഗോപാലൻ, എവറസ്റ്റ് ചമ്മണി, ഇ.ജെ. ആന്റണി, വി.വി. മൈക്കിൾ, എം.എ. സദാശിവൻ, സാബു ജോർജ് തുടങ്ങിയവരും പങ്കെടുത്തു. ഇവർക്കു മെമന്റോകൾ നൽകി. മേയർ സൗമിനി ജെയിൻ, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. ഹാരിസ്, എ.ബി. സാബു, കോർപറേഷൻ സെക്രട്ടറി എ.എസ്. അനൂജ എന്നിവർ പ്രസംഗിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്