തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ആകാശപാതയിൽ ആഹ്ളാദയാത്ര
കൊച്ചി: തെരുവിൽ ഉറങ്ങുന്പോൾ തലയ്ക്കുമീതേ മെട്രോ കുതിച്ചു പായുന്നതേ ഇവർ കണ്ടിട്ടുള്ളൂ. അപ്പോഴൊന്നും കരുതിയിരുന്നില്ല, മെട്രോയിൽ കയറാനാകുമെന്ന്. വീടും കൂടുമില്ലാതെ കഴിയുന്പോൾ മെട്രോ യാത്ര ഇവരുടെ സ്വപ്നങ്ങളിലുമില്ലായിരുന്നു. എന്നാൽ ഇന്നലെ അതു സംഭവിച്ചു. ആകാശപാതയിലൂടെ അവർ സങ്കടങ്ങളും ദുരിതങ്ങളും മറന്നു സഞ്ചരിച്ചു. കൊച്ചിയിലെ പാതയോരങ്ങളിൽ രാപകൽ തള്ളിനീക്കുന്ന സ്ത്രീകളടക്കമുള്ള എഴുപതോളം പേരാണു മെട്രോ യാത്ര നടത്തിയത്. ഇവർക്കു യാത്ര ഒരുക്കിയതാകട്ടെ തേവര സേക്രഡ് ഹാർട്ട് കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ഫാ. സാബു തോമസിന്റെ നേതൃത്വത്തിൽ ജീസസ് യൂത്ത് വിദ്യാർഥികൾ. മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷനിൽനിന്നു രാവിലെ 9.30നു തുടങ്ങിയ യാത്ര ആലുവയിലെത്തി തിരികെ മഹാരാജാസ് സ്റ്റേഷനിൽ സമാപിച്ചു. റോട്ടറി ക്ലബ് കൊച്ചിന്റെ സഹകരണത്തോടെ ഒരുക്കിയ യാത്രയിൽ തേവര കോളജിലെ 60 വിദ്യാർഥികൾ ഇവർക്കു കൈത്താങ്ങായി ഉണ്ടായിരുന്നു. വിദ്യാർഥികൾക്കൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തും അവർ യാത്ര ആഘോഷമാക്കി. ജീവിതത്തിൽ ഇത്രയും സന്തോഷിച്ച നിമിഷം ഉണ്ടായിട്ടില്ലെന്നു മെട്രോ സ്റ്റേഷനിൽനിന്നു പുറത്തിറങ്ങിയ കുന്പളങ്ങി സ്വദേശിനി കാഞ്ചന പറഞ്ഞു. മെട്രോ ട്രെയിനിൽനിന്നുള്ള കൊച്ചിയുടെ കാഴ്ചകൾ അദ്ഭുതപ്പെടുത്തിയെന്നായിരുന്നു തേവര സ്വദേശിനി കാവ്യയുടെ പ്രതികരണം. മെട്രോയിൽ കൊണ്ടുപോകാൻ ആരുമില്ലാത്ത തങ്ങൾക്കു കുട്ടികൾ നൽകിയ സന്തോഷത്തിൽ പറഞ്ഞാൽ തീരാത്ത നന്ദിയുണ്ടെന്നു യാത്രക്കാരിയായ ത്രേസ്യാമ്മ ചേടത്തി നിറകണ്ണുകളോടെ പറഞ്ഞു. തെരുവിൽ കഴിയുന്നവർക്കു ബുധനാഴ്ചകളിൽ തണൽമരം കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രഭാതഭക്ഷണം നൽകിവരുന്നുണ്ട്. ഇവിടെ സ്ഥിരമായി എത്തുന്നവരാണു യാത്രയിൽ പങ്കെടുത്തവരിൽ അധികവും. കഴിഞ്ഞവർഷം കൂട്ടായ്മയുടെ നേതൃത്വത്തിൽ ലുലുമാൾ കാണിക്കാൻ കൊണ്ടുപോയിരുന്നു. മാളിനുള്ളിലെ തിയറ്ററിൽ സിനിമ കാണിച്ചും ഭക്ഷണം നൽകിയുമാണ് അവരെ തിരികെയെത്തിച്ചത്. രാഷ്ട്രദീപിക കന്പനി മുൻ മാനേജിംഗ് ഡയറക്ടർ മോണ്‍. മാത്യു എം. ചാലിൽ, തേവര കോളജിലെ അധ്യാപകൻ ഫാ. ജോസഫ് കുസുമാലയം, ഫാ. ആന്റണി കുറിച്ചായിപ്പറന്പിൽ, കോളജ് അക്കാഡമിക് കൗണ്‍സിൽ അംഗം പോൾ രാജ്, റോട്ടറി ക്ലബ് കൊച്ചിൻ ഡൗണ്ടൗണ് പ്രസിഡന്റ് വിജി മാത്യു, കമ്യൂണിറ്റി സർവീസ് ഡയറക്ടർ ദിനേശ് തന്പി എന്നിവരും യാത്രയിൽ പങ്കെടുത്തു. റോട്ടറി ക്ലബിന്റെ കോളജിലെ വിംഗായ റോട്രാക്കും യാത്രയിൽ പങ്കാളികളായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്