നിർമാണം പൂർത്തിയാകാതെ കായംകുളം മെഗാടൂറിസം പദ്ധതി
കായംകുളം: മെഗാടൂറിസം പദ്ധതി കായംകുളം കായലോരത്ത് ഉടൻ പൂർത്തിയാകുമെന്ന് നിരവധി പ്രഖ്യാപനങ്ങൾ നടത്തിയിട്ടും അനന്തമായി നീളുന്നു. രണ്ടുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി പദ്ധതി നാടിന് സമർപ്പിക്കുമെന്ന് കെ. സി. വേണുഗോപാൽ എംപി കഴിഞ്ഞ ഫെബ്രുവരിയിൽ അറിയിച്ചിരുന്നു. നിർമാണം അവസാന ഘട്ടത്തിലാണന്ന് പ്രതിഭാ ഹരി എംഎൽഎയും വ്യക്തമാക്കുകയുണ്ടായി. എന്നിട്ടും നിർമാണം സമയബന്ധിതമായി പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ കഴിയാത്തത് കായലോര ടൂറിസം വികസനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനിടയിൽ കായലോരത്ത് മോഷണവും സാമൂഹ്യ വിരുദ്ധ ശല്യവും വർധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കായലോരത്ത് ടൂറിസം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മൂവായിരം രൂപ വിലയുള്ള 13 ലൈറ്റുകൾ മോഷണം പോയിരുന്നു. സന്ധ്യ സമയത്ത് മദ്യപശല്യവും വർധിച്ചു. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇവിടെ ഏർപ്പെടുത്താത്തതാണ് പ്രധാന പ്രശ്നം. കേന്ദ്ര ടൂറിസം വകുപ്പ് മെഗാ ടൂറിസം വികസനം ലക്ഷ്യമിട്ട് 2013 ജൂലൈ 12 നാണ് പദ്ധതി ആവിഷ്ക്കരിച്ചത്.
ദേശീയപദ്ധതിയിൽ ആലപ്പുഴ ജില്ലയ്ക്ക് 52.25 കോടി രൂപ പദ്ധതിയുടെ ഭാഗമായി അനുവദിച്ചു. കായംകുളത്ത് മാത്രമായി പദ്ധതിയ്ക്ക് 7.83 കോടി രൂപയാണ് അനുവദിച്ചത്.
സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തിലെ മറ്റ് കേന്ദ്ര ടൂറിസം പദ്ധതികളെയും ഇത് ബാധിക്കുമെന്ന സ്ഥിതിയാണ്. വിനോദ സഞ്ചാരികൾക്ക് ബോധവത്ക്കരണ കേന്ദ്രം, ഭക്ഷണശാല, ലൈഫ് ഗാർഡിന് വേണ്ടിയുള്ള മുറി, പോലീസ് ബൂത്ത്, കായൽ സൗന്ദര്യം ആസ്വദിക്കുന്നതിന് ബോട്ട് വാക് വ്യൂ, കുട്ടികൾക്കായി പാർക്ക്, മത്സ്യ കന്യകയുടെ ശിൽപ്പം, തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി ഇപ്പോൾ നിർമാണത്തിലിരിക്കുന്നത്. ദേശീയപാതയിൽ നിന്ന് ഡിടിപിസി അമിനിറ്റി സെന്റർ വരെയുള്ള ഉപജലപാത ചെളിയും മണ്ണും നീക്കി ആഴവും വീതിയും കൂട്ടുന്നത് പൂർത്തിയായെങ്കിൽ മാത്രമേ ഹൗസ്ബോട്ടുകൾക്ക് ടെർമിനലിലേക്ക് കടന്നുവരാൻ കഴിയൂ.
കായൽ ആഴം കൂട്ടാനുള്ള ഡ്രജ്ജിംഗ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുമുണ്ട്. മെഗാ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നതോടെ വിനോദ സഞ്ചാര ഭൂപടത്തിൽ കായംകുളം ഇടംനേടുമെന്ന പ്രതീക്ഷയാണുള്ളത്.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്