കർഷകർ കടകെണിയിൽ; മഴക്കെടുതിയിൽ മുങ്ങി രണ്ടാംകൃഷി
എടത്വ: രണ്ടാംകൃഷി കുട്ടനാട്ടിലെ നെൽകർഷകരെ കടകെണിയിലെത്തിച്ചു. മഴ കെടുതി നേരിട്ട പാടശേഖരങ്ങളിൽ വിളവെടുത്ത കർഷകർക്കാണ് പ്രതീക്ഷിച്ച വിളവോ, നെല്ലിന് തൂക്കമോ ലഭിക്കാതെ കടകെണിയിലായത്.
ഏക്കറിന് ഇരുപത്തഞ്ച് കിന്റൽ പ്രതീക്ഷിച്ച പാടങ്ങളിൽ വിളവ് പതിനഞ്ച് കിന്റലിൽ താഴെയെത്തി. കൃഷിയുടെ പ്രാരംഭഘട്ടത്തിൽ തന്നെ ഇലപ്പേനിന്േറയും മഞ്ഞപ്പ് രോഗവും കാരണം കർഷകർക്ക് നല്ലൊരു തുക ചിലവഴിക്കേണ്ടി വന്നു. ഒട്ടുമിക്ക പാടങ്ങളിലും വിളവെടുപ്പടുക്കുന്നതു വരെ കീടോപദ്രവവും രോഗവും പ്രകടമായിരുന്നു.
വിതയിറക്കി ഏതാനും ആഴ്ചകൾ കഴിഞ്ഞതോടെ നിനച്ചിരിക്കാതെ വന്ന മഴയും വെള്ളപ്പൊക്കവും കർഷകരെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. പാടശേഖര സമതികളുടെ നേതൃത്വത്തിൽ പുറംബണ്ട് നിർമാണം നടത്തിയും, മടവീഴ്ച നേരിട്ടും കർഷകർ കൃഷിയെ സംരക്ഷിച്ചു. മിക്ക പാടങ്ങളിലും ലക്ഷങ്ങളാണ് കൃഷി സംരക്ഷിക്കാൻ കർഷകർ ചിലവഴിച്ചത്. വിളവെടുപ്പോടെ ചിലവഴിച്ച കടങ്ങൾ പിടിച്ച് നിർത്താമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. കർഷകരുടെ പ്രതീക്ഷയ്ക്ക് മേൽ കരിനിഴൽ വീഴ്ത്തി വിളവെടുപ്പിനോടടുത്തപ്പോൾ എത്തിയ കാലവർഷം കുട്ടനാട്ടിലെ ഒട്ടുമിക്ക പാടങ്ങളും വെള്ളത്തിലായി.
ആയിരങ്ങൾ ചിലവഴിച്ച് വീണ്ടും വിളവിനെ സംരക്ഷിച്ചെങ്കിലും മില്ലുടമകളുടെ പ്രതിഷേധം ഇടിത്തീപോലാണ് കർഷകർക്ക് നേരിടേണ്ടിവന്നത്. തർക്കം പരിഹരിച്ച് നെല്ലെടുപ്പ് ആരംഭിച്ചപ്പോൾ കൊയ്തെടുത്ത നെല്ല് പറന്പിലും വയലിലും കിടന്ന് നനഞ്ഞിരുന്നു. തൊഴിലാളികളെ ഉപയോഗിച്ച് നെല്ല് ഉണക്കി നൽകാനായി വീണ്ടും ആയിരങ്ങളാണ് കർഷകർക്ക് ചിലവഴിക്കേണ്ടി വന്നത്. ഉണക്കി നൽകിയ നെല്ല് സംഭരിച്ചപ്പോൾ തൂക്കത്തിലെ ഗണ്യമായ കുറവ് കർഷകർക്ക് കനത്ത തിരിച്ചടിയായി തീർന്നു. ഈർപ്പത്തിന്റെ പേരിൽ സംഭരണ ഏജൻസികൾ നാല് മുതൽ എട്ട് കിലോ വരെ കുറച്ചപ്പോൾ ഇത്തവണത്തെ രണ്ടാംകൃഷി കരകയറാൻ പറ്റാത്ത കടത്തിൽ കർഷകർ അകപ്പെട്ടു. കുട്ടനാട്ടിലെ പാട്ടകർഷകർക്കാണ് തീരാനഷ്ടം സംഭവിച്ചത്. പലിശയ്ക്കും പണയം വച്ചും കൃഷിയിറക്കിയ കർഷകർ ആത്മഹത്യാ വക്കിലാണ്. കർഷകരുടെ ദുരവസ്ഥ പരിഹരിക്കാൻ കൃഷി വകുപ്പ് അടിയന്തിര സഹായം ചെയ്യുമെന്ന് പ്രത്യാശയിലാണ് കർഷകർ.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്