വിവാദ പരാമർശം: നടൻ അലൻസിയർ കണ്ണ് കെട്ടി പോലീസിൽ പരാതി നൽകി
ചവറ: കണ്ണുകൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി കണ്ണുകെട്ടിയെത്തിയ ആൾ പോലിസിനെ ആശ്ചര്യപ്പെടുത്തി. ചൂഴ്ന്നെടുക്കപ്പെടേണ്ട കണ്ണുകളുടെ കണക്ക് കൂട്ടുന്ന രാഷ്ട്രീയ തിമിരം ബാധിച്ചവരോടുള്ള പ്രതിഷേധവുമായി കണ്ണ് കെട്ടി ചവറ സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിലെത്തിയ പരാതിക്കാരൻ നടനും നാടക കലാകാരനുമാണെന്നറിഞ്ഞപ്പോൾ പോലിസിന് കാര്യം അറിയാൻ ആകാംക്ഷയായി.
കേരളത്തിലെ സിപിഎം പ്രവർത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡേയുടെ വിവാദ പരാമർശത്തിനോടുള്ള പ്രതിഷേധ സൂചകമായിട്ടാണ് നടൻ അലൻസിയർ പരാതിയുമായി ചവറ സിഐ ഓഫീസിലെത്തിയത്. രാജ്യത്തിെന്റെ സ്വത്വത്തെ തന്നെ ഇല്ലാതാക്കുന്നവർ ഇന്ന് കണ്ണിന് നേരെ വിരൽ ചൂണ്ടുന്നു. എന്റെ കണ്ണ് ചൂഴ്ന്നെടുത്താൽ അവളാണ് അവൾ മാത്രമാണ് കാരണക്കാരി എന്ന് അലൻസിയർ പറഞ്ഞു.
ചൊവാഴ്ച രാവിലെ 10.30 നാണ് അലൻസിയർ കറുത്ത തുണികൊണ്ട് കണ്ണ് മറച്ച് ചവറ ശങ്കരമംഗലത്തിറങ്ങിയത്. സമൂഹത്തിന്റെ സമാധാനം തകർക്കുന്ന പ്രസ്താവന മനസിനെ വല്ലാതെ അലട്ടിയെന്നും അതിനാലാണ് എറണാകുളത്തേക്കുള്ള യാത്രാമധ്യേ ഒഎൻവി യുടെ നാട്ടിലിറങ്ങി പരാതി കൊടുത്തതെന്നും അലൻസിയർ പറഞ്ഞു.
ജന രക്ഷായാത്ര നടത്തുന്ന നാട്ടിൽ നേത്ര സംരക്ഷണയാത്രയാണ് തന്റെതെന്ന് പറഞ്ഞ് സിഐ.യുടെ അസാന്നിധ്യത്തിൽ സ്റ്റേഷൻ ചാർജുകാരനായ എസ്ഐക്ക് വാക്കാലുള്ള പരാതി അലൻസിയർ കൈമാറി. വിവാദ പരാമർശത്തിനെതിരെ വിവിധ സ്റ്റേഷനുകളിൽ പ്രതിഷേധ പരാതികൾ നൽകുമെന്ന് അലൻസിയർ പറഞ്ഞു. സംഘ് പരിവാറിനെ എതിർക്കുന്നവർ പാകിസ്ഥാനിലേക്ക് പോകണമെന്ന പരാമർശത്തിനെതിരെ പാകിസ്ഥാനിലേക്ക് പോകാൻ യാത്രക്കാരെ തേടി ബസ് സ്റ്റാൻഡിൽ പ്രതിഷേധം നടത്തിയും അലൻസിയർ ശ്രദ്ധേയനായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്