റവന്യുജില്ലാ സ്കൂൾ അത്ലറ്റിക് മീറ്റ്നെയ്യാറ്റിൻകരയ്ക്കു കിരീടം
കാര്യവട്ടം: കൗമാര കുതിപ്പിൽ നെയ്യാറ്റിൻകരയ്ക്ക് കിരീടം. റവന്യുജില്ലാ സ്കൂൾ അത്ലറ്റിക് മീറ്റിൽ നെയ്യാറ്റിൻകര സബ് ജില്ല ഓവറോൾ ചാന്പ്യന്മാരായി. ഒൻപത് സ്വർണവും 16 വെള്ളിയും 16 വെങ്കലവും ഉൾപ്പെടെ 135 പോയിന്റോടെയാണ് നെയ്യാറ്റിൻകര കിരീടത്തിൽ മുത്തിട്ടത്.
ഏഴു സ്വർണവും ഏഴു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 90 പോയിന്റോടെ തിരുവനന്തപുരം നോർത്ത് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഒരു സ്വർണവും ഏഴു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ 39 പോയിന്റുമായി പാറശാലയാണ് മെഡൽ പട്ടികയിൽ മൂന്നാമത്.സീനിയർ വിഭാഗത്തിൽ പെണ്‍കുട്ടികളിൽ 30 പോയിന്റും ആണ്‍കുട്ടികളിൽ 25 പോയിന്റും ഉൾപ്പെടെ 55 പോയിന്റുമായാണ് നെയ്യാറ്റിൻകര ഗ്രൂപ്പ് ചാന്പ്യന്മാരായത്.
ജൂണിയർ വിഭാഗത്തിൽ നെയ്യാറ്റിൻകരയുടെ പെണ്‍കുട്ടികൾ 22 പോയിന്റ് സ്വന്തമാക്കിയപ്പോൾ ആണ്‍കുട്ടികളുടെ വക സമ്മാനം 19 പോയിന്റ്. ഈ വിഭാഗത്തിലും ചാന്പ്യൻ പട്ടം നെയ്യാറ്റിൻകരയുടെ കീശയിൽ.
ചേച്ചിമാരും ചേട്ടൻമാരും ഗ്രൂപ്പ് ചാന്പ്യൻമാരാണെങ്കിൽ തങ്ങളും ഒട്ടും പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് 42 പോയിന്റ് സ്വന്തമാക്കി സബ് ജൂണിയർ വിഭാഗത്തിലും ചാന്പ്യൻ പട്ടം നെയ്യാറ്റിൻകര നിലനിർത്തിയത്.വ്യക്തിഗത സ്കൂൾ വിഭാഗത്തിൽ മൂന്നു സ്വർണവും ഏഴു വെള്ളിയും 11 വെങ്കലവും ഉൾപ്പെടെ 47 പോയിന്റുമായി നെയ്യാറ്റിൻകര അരുമാനൂർ എംവിഎച്ച്എസ്എസ് ഒന്നാമതെത്തിയപ്പോൾ രണ്ടു സ്വർണവും നാലു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പൈ 27 പോയിന്റോടെ കാഞ്ഞിരംകുളം പികെഎസ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും ഒരു സ്വർണവും നാലു വെള്ളിയും അഞ്ചു വെങ്കലവുമായി 20 പോയിന്റുമായി ഗവ. വിഎച്ച്എസ്എസ് ആര്യനാട് മൂന്നാം സ്ഥാനത്തുമെത്തി.
ഈ വിജയം ബാപ്പയുടെ ആത്മാവിന്
കാര്യവട്ടം: പൊന്നുമോന് പൊന്നിന് നേട്ടവുമായി എത്തണം. ഞാന്‍ വിജയിക്കും ബാപ്പയ്ക്ക് വാക്കുകൊടുത്തിട്ടാണ് കഴിഞ്ഞവട്ടം അൻസല്‍ ജന്മനാടായ പാലക്കാടു നിന്നും തിരുവനന്തപുരത്തേയ്ക്ക് വണ്ടി കയറിയത്.
ജിവി രാജാ സ്കൂളിലെ വിദ്യാര്‍ഥിയായ അന്‍സല്‍ ഇന്നലെ ഷോട്ട് പുട്ടില്‍ സ്വര്‍ണം നേടിയപ്പോള്‍ ആ മെഡല്‍ നേട്ടം നേരില്‍ കാണാന്‍ പിതാവ് ഹസനാര് ഈ ലോകത്ത് ഉണ്ടായിരുന്നില്ല.
റവന്യു ജില്ലാ സ്കൂള്‍ മീറ്റിനായി തീവ്ര പരിശീലനം നടത്തുന്നതിനിടെയാണ് അന്‍സലിന്റെ കാതുകളില്‍ ആ നടുക്കുന്ന വാര്‍ത്ത ഒരു ഫോണ്‍കോളിന്റെ രൂപത്തില്‍ എത്തിയത്. താന്‍ എന്നും സുവര്‍ണ നേട്ടം സ്വന്തമാക്കണമെന്ന് ഏറ്റമധികം ആഗ്രഹിച്ചിരുന്ന ബാപ്പയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്ന വാര്‍ത്ത.ജില്ലാസ്കൂള്‍ കായികമേളയില്‍ ഷോട്ട്പുട്ടില്‍ സബ്ജൂനിയര് വിഭാഗത്തില്‍ ഒന്നാമതെത്തിയ അൻസല്‍ ജിവി രാജാ സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
പാലക്കാട് നെന്മാറ അടിപ്പരണ്ട എന്ന ഗ്രാമത്തില്‍ നിന്നുള്ള താരം. കായിക താരമാകാനും മത്സരിക്കാനും പ്രോത്സാഹനമായി എന്നും ഒപ്പമുണ്ടായിരുന്നത് ബാപ്പ ഹസനാര്. അൻസലിന്റെ കായിക മികവ് കൂടുതല്‍ സമ്പുഷ്ടമാക്കാന്‍ ജിവി രാജ സ്പോര്‍ട്സ് സ്കൂളില്‍ എത്തിച്ചതും പിതാവായിരുന്നു. അന്‍സല്‍ പഠിച്ചിരുന്ന പാലക്കാട് സെന്റ് തോമസ് യുപി സ്കൂളിലെ കായികാധ്യാപിക സിനിയാണ് അന്‍സലിന്റെ മികവ് ഉയരാന്‍ അവനെ ജി വി രാജയില്‍ അയയ്ക്കാന്‍ നിര്‍ദേശിച്ചത്. അവരുടെ നിര്‍ദേശം ഹസനാറും മകനും സ്വീകരിച്ചു . ഇക്കുറി മെഡല്‍ നേട്ടം സ്വന്തമാക്കുമെന്ന ഉറപ്പും ബാപ്പയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച അവനെ തേടി നാട്ടില്‍നിന്നും ഫോണ്‍കോള്‍ എത്തി.ഹൃദയസ്തംഭനത്തെ തുടര്‍ന്ന് പിതാവ് ഈ ലോകത്തോട് വിടവാങ്ങിയെന്ന വാര്‍ത്ത.ചൊവ്വാഴ്ചയായിരുന്നു ഹസനാരുടെ അന്ത്യം. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തിയ ശേഷം വീണ്ടും തലസ്ഥാനത്തെത്തിയ അന്‍സലിന് സുവര്‍ണ നേട്ടത്തില്‍ കുറഞ്ഞൊന്നും ചിന്തയില്ലായിരുന്നു.
തന്റെ പിതാവിന്റെ ആഗ്രഹം സഫലമാക്കുക. അതിനായി ഫീല്‍ഡിലിറങ്ങിയപ്പോള്‍ മനസില്‍ നിറഞ്ഞു നിന്നത് ബാപ്പയുടെ വാക്കുകള്‍ നീ സുവര്‍ണ നേട്ടം സ്വന്തമാക്കണം. എല്‍എന്‍സിപിയിലെ ഷോട്ട് പുട്ട് പിറ്റില്‍ നിന്നും സ്വര്‍ണനേട്ടം സ്വന്തമാക്കിയപ്പോള്‍ അന്‍സലിന്റെ കണ്ണില്‍ ഈറനണിഞ്ഞു. ബാപ്പയുടെ ആത്മാവിനായി ഈ വിജയം. 400 മീറ്ററില്‍ വെങ്കലമെഡലും അന്‍സല്‍ സ്വന്തമാക്കിയിരുന്നു.
ട്രാക്കിൽ മത്സരം നടക്കുന്പോൾ സമാപന സമ്മേളനം നടത്തി അധികൃതർ മടങ്ങി
കാര്യവട്ടം: പുത്തൻ കായികതാരങ്ങളോട് അധികാരികളുടെ നിലപാട് എന്തെന്നു വ്യക്തമാകുന്നതായിരുന്നു ഇന്നലെ എൻഎൻസിപിയിൽ നടന്ന പ്രവർത്തനങ്ങൾ. ട്രാക്കിൽ 800 മീറ്റർ ഫൈനൽ മത്സരങ്ങൾ നടക്കുന്പോൾ ഇപ്പുറത്ത് വേദിയിൽ സമാപന സമ്മേളനം പൊടി പൊടിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പത്തു മിനിറ്റോളം പ്രസംഗം. ഉദ്ഘാടകന്‍ മറ്റൊരു യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ വേഗത്തിൽ സമാപന സമ്മേളനം പൂർത്തിയാക്കേണ്ടതുണ്ടെന്ന അനൗണ്‍സ്മെന്റും ഉണ്ടായിരുന്നു.
ഇതിനിടെ സമാപന പ്രസംഗം നടത്തി ചില വിജയികൾക്ക് ഉള്ള സമ്മാനങ്ങളും വിരണം ചെയ്ത ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഘവും മടങ്ങി. ഇതിനു ശേഷം 800 മീറ്ററിന്റെയും 200 മീറ്ററിന്റെയും റിലേയുടേയും ഫൈനലുകൾ നടന്നു. ഒടുവിൽ ഓവറോൾ ചാന്പ്യൻ പട്ടം ഉൾപ്പെടെയുള്ളവ വിതരണം ചെയ്യാൻ ആരുമില്ലാത്ത സ്ഥിതിയും. ഇതാണോ കായിക കേരളത്തിൽ ഉണ്ടാകേണ്ട കായിക പ്രോത്സാഹനമെന്ന ചോദ്യമുയർന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്