തമിഴ്നാടിന് ഉടന്‍ വെള്ളം വിട്ടുകൊടുക്കണം: സുപ്രീം കോടതി

Story Dated: Tuesday, Sep 27, 2016 11:46 hrs IST
കോടതി ഉത്തരവ് അനുസരിക്കാതിരിക്കുന്നത് ഫെഡറല്‍ സംവിധാനത്തില്‍ പ്രശ്ന പരിഹാരമല്ല. ഉത്തരവ് അനുസരിക്കുന്നതാണ് നല്ലതെന്നും സുപ്രീം കോടതി ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്ക്ക് സുപ്രീംകോടതിയുടെ ശക്തമായ താക്കീത്. സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കേ നിയസഭയില്‍ പ്രമേയം പാസാക്കി വീണ്ടും കോടതിയെ സമീപിച്ച കര്‍ണാടകയുടെ നടപടിയെ കോടതി വിമര്‍ശിച്ചു. ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് തമിഴ്നാടിന് 6000 ക്യുസെക്സ് ജലം വിട്ടുനല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കാവേരി നദിയില്‍ നിന്ന് സെക്കന്‍ഡില്‍ 6000 ഘനയടി വീതം ജലം വിട്ടുനല്‍കാന്‍ നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രത്യേക നിയസഭാ സമ്മേളനം ചേര്‍ന്ന്, കര്‍ണാടകയുടെ കുടിവെള്ളത്തിനായി മാത്രമേ ജലം തികയൂ എന്നതിനാല്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് തമിഴ്നാടിന് ജലം വിട്ടുകൊടുക്കേണ്ടെന്ന് കര്‍ണാടക പ്രമേയം പാസാക്കുകയായിരുന്നു. പ്രമേയവുമായി കര്‍ണാടക വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണാടകയുടെ നടപടിയ്ക്കെതിരെ തമിഴ്നാടും കോടതിയെ സമീപിച്ചിരുന്നു. കര്‍ണാടക നിയമസഭയുടെ പ്രമേയം അംഗീകരിക്കാനാകില്ലെന്ന് ഇന്ന് ഹര്‍ജികള്‍ പരിഗണിച്ച്‌ കോടതി പറഞ്ഞു. Read More: തമിഴ്നാടിന് വെള്ളം നല്‍കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കോടതി ഉത്തരവ് അനുസരിക്കാതിരിക്കുന്നത് ഫെഡറല്‍ സംവിധാനത്തില്‍ പ്രശ്ന പരിഹാരമല്ലെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കി. ഉത്തരവ് അനുസരിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പറയാനും കോടതി കര്‍ണാടകയ്ക്കായി ഹാജരായ അഭിഭാഷകനോട് പറഞ്ഞു. കോടതി ഉത്തരവ് പ്രകാരം കര്‍ണാടക തമിഴ്നാടിന് ജലം വിട്ടുനല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികളിലേക്കാകും പിന്നീട് കാര്യങ്ങള്‍ നീങ്ങുക. ഇത് ഭരണഘടനാ പ്രതിസന്ധിയ്ക്ക് വഴിവെക്കുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം പ്രശ്ന പരിഹാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ രണ്ടു ദിവസത്തിനകം ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കോടതി കേസ് ഇനി പരിഗണിക്കുന്നത്.
facebook share
Related News
Top News
advertisements
alt
alt